എന്‍റെസഹായി

Sunday, 1 September 2013

ബാങ്കുമായി ആധാര്‍ ബന്ധിപ്പിക്കുന്നതെങ്ങനെ?

സര്‍ക്കാര്‍ ആനുകൂല്യം ഇനി ദേശസാല്‍കൃത ബാങ്കുവഴി മാത്രമാണ്‌. അതിനാല്‍ ആധാര്‍ നമ്പര്‍ ബാങ്ക്‌ അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടതാണ്‌. അതിനായി വലിയ ബുദ്ധിമുട്ടില്ല. നമ്മുടെ ആധാര്‍ കാര്‍ഡോ ഇ-ആധാറോ കോപ്പി സഹിതം, ആധാര്‍ നമ്പര്‍ ഇന്ന അക്കൗണ്ട്‌ നമ്പരുമായി ബന്ധിപ്പിക്കണമെന്ന്‌ കാണിച്ച്‌ ബാങ്കില്‍ അപേക്ഷ നല്‍കിയാല്‍ മതിയാകും.









ആധാര്‍ ഗ്യാസ്‌ കണക്ഷനുമായി ബന്ധിപ്പിക്കുന്നതെങ്ങനെ?

ഗ്യാസ്‌ കണക്ഷനുമായി ആധാര്‍ ബന്ധിപ്പിക്കാനുള്ള പരക്കം പാച്ചിലിലാണ്‌ മലയാളികള്‍. പാചക വാതക സബ്‌സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം 
അറിയിച്ചു കഴിഞ്ഞു. പാചക വാതക സിലിണ്ടറിന്റെ സബ്‌സിഡി ബാങ്കുകള്‍ വഴി മാത്രമാണ് നല്‍കുന്നത്. ആധാര്‍ നമ്പര്‍ നല്‍കാത്തവര്‍ക്ക് പാചകവാതക സബ്‌സിഡി ലഭിക്കില്ല. ആധാര്‍ നമ്പര്‍ നല്‍കാന്‍ ഉപഭോക്താക്കള്‍ക്ക് മൂന്ന് മാസത്തെ സമയമാണ്‌ അനുവദിച്ചിട്ടുള്ളത്‌.

ഇതിനായി ബുദ്ധിമുട്ടേണ്ട. ഗ്യാസ്‌ കണക്ഷന്‍ വളരെ എളുപ്പത്തില്‍ ആധാറുമായി ബന്ധിപ്പിക്കാവുന്നതാണ്‌. ഇത്‌ രണ്ട്‌ വിധത്തില്‍ ചെയ്യാവുന്നതാണ്‌. ഓണ്‍ലൈനായും നേരിട്ടും ആധാറുമായി ഗ്യാസ്‌ കണക്ഷന്‍ ബന്ധിപ്പിക്കാം.

ആദ്യമായി ആധാറിനെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പരുമായി ബന്ധിപ്പിക്കണം. അതിനുശേഷം ആധാറോ, ഇ-ആധാറോ കോപ്പി സഹിതം ഗ്യാസ്‌ ഏജന്‍സിയില്‍ എത്തണം. ഒപ്പം അപേക്ഷയും നല്‍കണം. അപേക്ഷയില്‍ ആധാര്‍ ബന്ധിപ്പിച്ച ബാങ്ക്‌ അക്കൗണ്ട്‌ നമ്പരും ബാങ്കും പ്രത്യകം തെറ്റുകൂടാതെ എഴുതണം. കാരണം സബ്‌സിഡി വരുന്നത്‌ ആ അക്കൗണ്ടിലേക്കാണ്‌.

ആധാര്‍ കിട്ടാതെ വന്നാല്‍ എന്തു ചെയ്യും?

        അഥവാ ആധാര്‍ കിട്ടാന്‍ വൈകുകയാണെങ്കില്‍ ഓണ്‍ലൈന്‍ വഴി ഇ-ആധാര്‍ എടുക്കാവുന്നതാണ്‌. മിക്ക കാര്യങ്ങള്‍ക്കും ഇ-ആധാര്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്‌. ആധാര്‍ എന്‍ട്രോള്‍ ചെയ്‌ത സമയത്ത്‌ കിട്ടിയ അക്‌നോളജ്‌മെന്റിലെ രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച്‌ വളരെ ലളിതമായി ഇ-ആധാര്‍ എടുക്കാവുന്നതാണ്‌. പരിചയക്കുറവുള്ളവര്‍ക്ക്‌ ഇതിനായി അക്ഷയ കേന്ദ്രത്തെ സമീപിക്കാവുന്നതാണ്‌.


അപേക്ഷിച്ച ആധാറിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയാന്‍? (Adhar Status)



         ആദ്യമായി https://portal.uidai.gov.in/ResidentPortal/statusLink എന്ന ലിങ്കില്‍ പോകുക. അക്‌നോളജ്‌മെന്റ്‌ കോപ്പിയുടെ ഇടതുവശത്ത് മുകളിലായി കാണുന്ന എന്‍ട്രോള്‍ നമ്പരും തീയതിയും സമയവും ഈ കാണുന്ന സൈറ്റില്‍ ടൈപ്പ്‌ ചെയ്യണം.

ആധാറിന്‌ എന്തൊക്കെ രേഖകള്‍ വേണം?

ആധാറിന്‌ അപേക്ഷിക്കാനുള്ള ഫോം എല്ലാ ആധാര്‍ എന്‍ട്രോള്‍ സെന്ററുകളില്‍ നിന്നുതന്നെ സൗജന്യമായി കിട്ടും. 
ആധാറിനുള്ള ഫോം ഡൗണ്‍ലോഡ്‌ ചെയ്യ്‌ത്‌ എടുക്കുന്നതിനായിhttp://www.akshaya.kerala.gov.in/index.php/application-forms/cat_view/62-applicationforms എന്ന ലിങ്കില്‍ പോയി UID enrollment Form... എന്ന ഫോം ഡൗണ്‍ലോഡ്‌ ചെയ്യുക.

ആധാറിനായി അപേക്ഷിക്കാന്‍ പോകുമ്പോള്‍ നിര്‍ബന്ധമായും നമ്മുടെ തിരിച്ചറിയല്‍ രേഖകള്‍ വേണം. ഒന്നാമതായി ഫോട്ടോ പതിച്ച സര്‍ക്കാര്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖയാണ്‌ വേണ്ടത്‌. അതിനായി ഇലക്ഷന്‍ ഐഡന്‍ഡിറ്റി കാര്‍ഡോ, പാസ്‌പോര്‍ട്ടോ, ഡ്രൈവിംഗ്‌ ലൈസന്‍സോ മറ്റോ മതിയാകും. രണ്ടാമതായി അഡ്രസ്‌ തെളിയിക്കുന്ന രേഖയാണ്‌ വേണ്ടത്‌. ഇതിനായി റേഷന്‍കാര്‍ഡോ , പാസ്‌ബുക്കോ മറ്റോ മതിയാകും.

പുതിയ സ്ഥലത്താണ്‌ താമസിക്കുന്നതെങ്കില്‍ അതിന്‌ മതിയായ രേഖകള്‍ നല്‍കിയാലേ ആ അഡ്രസില്‍ ആധാര്‍ ലഭിക്കൂ. അഡ്രസ്‌ പ്രൂഫിലെ അഡ്രസായിരിക്കും ആധാറില്‍ ഉള്‍പ്പെടുത്തുക.

ഫോമില്‍ പറയുന്ന അടിസ്ഥാന വിവരങ്ങള്‍ പൂരിപ്പിച്ച്‌, മുകളില്‍ പറഞ്ഞസര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയോടൊപ്പം ആധാര്‍ എന്‍ട്രോള്‍ ചെയ്യുന്ന സ്ഥലത്ത്‌ നല്‍കണം. അവയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമായും കരുതണം. 
ഒറിജിനല്‍ രേഖകള്‍ കൈവശമില്ലാത്തവര്‍ ഗസറ്റഡ്‌ ഉദ്യോഗസ്ഥനോ നോട്ടറിയോ അറ്റസ്റ്റ്‌ ചെയ്‌ത ഫോട്ടോകോപ്പി നല്‍കിയാലും മതി. തിരക്കാണെങ്കില്‍ ഫോട്ടോയെടുക്കാനുള്ള സമയം അവര്‍ അറിയിക്കും.



ആധാറെടുക്കാന്‍ ഫീസ്‌ നല്‍കണോ?

       ഇന്ത്യ ഗവര്‍മെന്റ്‌ എല്ലാ 
പൗരന്മാര്‍ക്കും നല്‍കുന്ന സൗജന്യ സേവനമാണ്‌ ആധാര്‍. ആധാറിന്‌ യാതൊരുവിധ ഫീസും തന്നെയില്ല. അക്ഷയ കേന്ദ്രങ്ങളില്‍ പോലും ഫീസ്‌ നല്‍കേണ്ടതില്ല.




ആധാര്‍ എവിടെ നിന്നും കിട്ടും, എങ്ങനെ അപേക്ഷിക്കണം?

           ആധാര്‍ എവിടെക്കിട്ടും എന്നറിയാനായി അലഞ്ഞു നടക്കേണ്ടതില്ല. തൊട്ടടുത്ത അക്ഷയ കേന്ദ്രവുമായി ബന്ധപ്പെട്ടാല്‍ എവിടെയൊക്കെ ആധാറിനായി അപേക്ഷിക്കാമെന്നറിയാം. തെരഞ്ഞെടുക്കപ്പെട്ട അക്ഷയ കേന്ദ്രങ്ങള്‍ വഴി ആധാറിനായി അപേക്ഷിക്കാം. അല്ലെങ്കില്‍ ഒരു പ്രദേശത്ത്‌ നിശ്ചിത സമയത്ത്‌ ആധാറിനായി പ്രത്യേക സജ്ജീകരണവുമൊരുക്കാറുണ്ട്‌. രാജ്യത്ത്‌ ഇതിനായി 174 എന്‍ട്രോള്‍മെന്റ്‌ ഏജന്‍സികളുമുണ്ട്‌. ആധാര്‍ കാര്‍ഡിനുവേണ്ടി അപേക്ഷ നല്‍കേണ്ട കേന്ദ്രങ്ങളെ, ആധാര്‍ എന്‍റോള്‍മെന്റ്‌ സെന്റര്‍ എന്നാണ്‌ പറയുന്നത്‌. കേരളത്തിലെ ആധാര്‍ അംഗീകൃത ഏജന്‍സികളാണ്‌ അക്ഷയയും കെല്‍ട്രോണും
എന്താണ്‌ ആധാര്‍ ?

ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും നല്‍കാനുദ്ദേശിക്കുന്ന വിവിധോദ്ദേശ ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡാണു ആധാര്‍. നാളത്തെ നമ്മുടെ അടിസ്ഥാന രേഖകൂടിയായി ആധാര്‍ മാറും. ആധാറിലൂടെ എല്ലാ പൗരന്മാര്‍ക്കും 12 അക്ക ആധാര്‍ നമ്പര്‍ നല്‍കും. ഇതിനെ യുണീക്ക്‌ ഐഡന്റിറ്റി അഥവാ ആധാര്‍ യു.ഐ.ഡി. എന്നാണ്‌ പറയുന്നത്‌. യൂണീക്ക്‌ ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ്‌ ഇന്ത്യക്കാണ്‌ (U.I.D.A.I) ആധാറിന്റെ പൂര്‍ണ ചുമതല.




5 വയസിന്‌ മുകളിലുള്ള എല്ലാവരും ആധാ ര്‍ കാര്‍ഡ്‌ എടുക്കണം. ഇത്‌ നിര്‍ബന്ധമല്ലെങ്കിലും സ്‌കൂളില്‍ ചേര്‍ക്കുന്നതുമുതലുള്ള എല്ലാ കാര്യങ്ങള്‍ക്കും ഭാവിയില്‍ ആധാ ര്‍ വേണ്ടിവരും. കാരണം നമ്മുടെ അടിസ്ഥാന വിവരങ്ങള്‍ക്കു പുറമേ കണ്ണ്‌, വിരലടയാളം തുടങ്ങിയ ബയോമെട്രിക്‌ വിവരങ്ങളും ആധാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഒരു വ്യക്തിയ്‌ക്ക്‌ ഒരു ആധാ ര്‍ നമ്പ ര്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഇതിന്‌ ആയുഷ്‌ക്കാല സാധുതയാണുള്ളത്‌. ഒരു നിശ്ചിത കാലയളവിനുശേഷം പുതുക്കേണ്ട ആവശ്യം ഇതിനില്ല.